മകരഭരണി നാളിൽ പതിവുപൂജകൾക്ക് പുറമേ ദീപാരധനയ്ക്ക് ശേഷം ഊരാണ്മ പറയെടുപ്പും, തുടർന്ന് കൈനീട്ടപറ സ്വീകരിച്ചു കൊണ്ട് ഏഴംകുളത്തമ്മയുടെ തന്നാണ്ടത്തെ പറയ്ക്കെഴുന്നെള്ളത്ത് മഹോത്സവത്തിന് ആരംഭം കുറിക്കുന്നു. മകരഭരണിയോടനുബന്ധിച്ചുള്ള കളമെഴുത്തും പാട്ടും ,തുടർന്ന് മഹാദേവിയുടെ അതീവ പ്രാധാന്യമേറിയ വിളക്കിനെഴുന്നെള്ളിപ്പും നടത്തപ്പെടുന്നു. വഴിപാട് തൂക്കത്തിനുള്ള കന്നി തൂക്കക്കാരുടെ വ്യതാരംഭവും, തൂക്കുപ്പയറ്റു പഠനവും ഇതോടൊപ്പം ആരംഭിക്കുന്നു.
പറയ്ക്കെഴുന്നെള്ളത്ത് & തൂക്കുപ്പയറ്റു പഠനം
ഏഴംകുളത്തമ്മയുടെ തിരുനാളായ കുഭബ്ഭരണി മഹോത്സവം അശ്വതി, ഭരണി, കാർത്തിക നാളുകളായി നടത്തപെടുന്നു. രേവതി നാളിൽ രാവിലെ തൂക്കക്കാർ മണ്ണടി ക്ഷേത്രത്തിൽ പോയി വന്ന് ഏഴംകുളത്തമ്മയുടെ തിരുമുന്നിലെത്തി തൂക്കപയറ്റുകൾ നടത്തി തന്നാണ്ടത്തെ തൂക്കപയറ്റിന് സമാപനം കുറിയ്ക്കുന്നു. അശ്വതി നാളിൽ രാവിലെ മലക്കുട എഴുന്നള്ളത്തും രാത്രിയിൽ കാവിലടിയന്തിരവും നടത്തപ്പെടുന്നു.
മഹാദേവിയുടെ തിരുനാളായ ഭരണി നാളിൽ രാവിലെ തിരുവത്സവ ദിവസത്തെ ഏറ്റവും പ്രധാന പൂജയായ നവകംപൂജ, വൈകിട്ട് കരപറഞ്ഞ് കളപ്പൊടി വാങ്ങി കെട്ടുകാഴ്‌ച്ച കാണുന്നതിന് വേണ്ടിയുള്ള തിരു എഴുന്നള്ളത്ത്, തുടർന്ന് കളം എഴുത്തും പാട്ടും നടത്തുന്നു.
കാർത്തിക നാളിൽ വെളുപ്പിന് 3 മണി മുതൽ എഴുന്നള്ളത്ത്, ആലവിളക്കിൽ ഗരുഡൻ തൂക്കം, വഴിപാട് കമ്പം തുടർന്ന് അഭീഷ്ട കാര്യപ്രാപ്തിക്കും, സന്താനലബ്ധിക്കും വേണ്ടി നടത്തുന്ന വഴിപാട് തൂക്കങ്ങൾ ആരംഭിക്കുന്നു.
കെട്ടുകാഴ്‌ച്ച , ഗരുഡൻ തൂക്കം & ആലവിളക്ക്